Blog

തിരുവനന്തപുരം: ‘അഷ്‌കര്‍ സൈലന്റ് കില്ലര്‍ ആണ്. പുറത്ത് സ്‌നേഹം നടിക്കും അടിയില്‍ കൂടി കൊന്നുകളയും’-.

ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിന്റെ അമ്മൂമ്മയുടെ വാക്കുകളാണിവ. പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഷ്‌കര്‍ കൊടുംക്രിമിനല്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിനിടെ തന്റെ മകളോടും അഷ്‌കര്‍ ക്രൂരത കാണിച്ചതായി ആദ്യഭാര്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘അഷ്‌കര്‍ എന്റെ മകളെയും മര്‍ദ്ദിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അഷ്‌കര്‍ മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അവന്റെ വീട്ടില്‍ എത്തിയ ശേഷം മകളെ നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. മകളുടെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചിട്ടുണ്ട്. ക്ലോസറ്റില്‍ വെച്ചാണ് ഇടിപ്പിച്ചത്. തലയിടിച്ച് ബോധംകെട്ട് പലദിവസവും കിടന്നിട്ടുണ്ട്. വീട്ടില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയും സഹോദരിയും ഇവനും കൂടി മകളെ വലിച്ചിഴച്ചു ബാത്ത്‌റൂമില്‍ കൊണ്ടുപോയി വയറ്റില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചു. മര്‍ദ്ദനത്തില്‍ ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചു. മകള്‍ക്ക് ബോധംവന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മകള്‍ കരഞ്ഞു വിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഞങ്ങളെ വിളിച്ചു. മകള്‍ 13 മാസത്തോളം കോമ സ്‌റ്റേജിലായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നു. പത്തുമാസമായിട്ടുള്ളൂ ഓര്‍മ്മ തിരിച്ചുകിട്ടിയിട്ട്. മകള് ഇപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. രണ്ടു വര്‍ഷമായി ഹോസ്പിറ്റലില്‍ പോകുന്നു. അവന്റെ മര്‍ദ്ദനം കൊണ്ടാണ് സംഭവിച്ചത്. പലപ്രാവശ്യം പൊലീസില്‍ പരാതി കൊടുത്തു. നെടുമങ്ങാട് പൊലീസ് കണക്കിലെടുത്തില്ല. പൊലീസുകാരെല്ലാം അവന്റെ സൈഡ് ആണ്. പൊലീസിന്റെ വണ്ടി ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ സൈഡ് ആണ് പൊലീസുകാര്‍ എല്ലാം. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്’- അഷ്‌കറിന്റെ ആദ്യഭാര്യയുടെ അമ്മ പറഞ്ഞു.

അതിനിടെ കേസിന്റെ ഭാഗമായി തെളിവെടുപ്പിനായി നെടുമങ്ങാട് കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിനു സമീപമുള്ള വാടക വീട്ടിലക്ക് അഷ്‌കറിനെ കൊണ്ടുവന്നപ്പോള്‍ ജനരോഷം അണപൊട്ടി. അഷ്‌കറിനെ ആക്രമിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. പൊലീസ് ഒരു കണക്കിനാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി സ്റ്റേഷനിലേക്ക് മടങ്ങിയത്. അഖിലയ്ക്കും മകനുമൊപ്പമാണ് അഷ്‌കര്‍ വാടക വീട്ടില്‍ താമസിച്ചിരുന്നത്.

അഖിലയുടെ അമ്മയോടൊപ്പമായിരുന്നു കുട്ടി. ഒരു മാസം മുന്‍പാണ് കുട്ടിയുമൊത്ത് അഖില അഷ്‌കറിനൊപ്പം താമസിച്ചു തുടങ്ങിയത്. 2 വര്‍ഷം മുന്‍പ്, അഖില മൂന്നു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവ് എസ് അഖില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങി. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അര്‍ഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും അഷ്‌കര്‍ എത്തിച്ചത്. എസ്എടിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് അവശ നിലയിലായെന്നാണ് അഷ്‌കര്‍ പൊലീസിനു മൊഴിനല്‍കിയത്. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ് സുനില്‍ കുമാര്‍ ആരോപിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജുകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *