തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍.

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. 1,600 നിന്ന് 2000 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നാലേമുക്കാല്‍ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനര്‍ഹരായ ചിലര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്.
‘മുടങ്ങാതെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 24ാം തീയതി മുതല്‍ വിതരണം ചെയ്യും’, വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്‍ഷന്‍ വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകന്‍ അവിടെ കഴിയുന്നതിനാല്‍ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

