Blog

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി

യുക്തിക്ക് നിരക്കാത്ത പ്രവൃത്തി ദിനങ്ങളുടെ വർദ്ധനവ് അനുവദിക്കില്ല : കെപിഎസ്ടിഎ

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരമുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ 2012 മുതൽ കേരളത്തിൽ നിലവിൽ വന്നു. ഇതിൽ പ്രകാരം(1 മുതൽ 5 വരെ) LP യിൽ 800 പ്രവൃത്തി മണിക്കൂർ ,( 6 മുതൽ 8 വരെ )UP യിൽ ആയിരം പ്രവൃത്തി മണിക്കൂർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ 1200 മണിക്കൂർ എന്നിങ്ങനെയാണ് പ്രവൃത്തിസമയം ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഒരു ദിവസം അഞ്ചുമണിക്കൂറാണ് പ്രവർത്തന സമയം. അങ്ങനെയെങ്കിൽLP യിൽ 160 ദിവസവും, UP യിൽ 200 ദിവസവും, ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ 220 ദിവസവും പ്രവൃത്തി ദിനങ്ങൾ ആണ് നിയമം അനുശാസിക്കുന്നത്.

ഇങ്ങനെ പ്രഖ്യാപിക്കുന്ന പ്രവൃത്തി ദിനങ്ങൾക്ക് പുറമേ കലാ, കായിക, ശാസ്ത്ര മേളയുടെ പരിശീലനങ്ങൾ, എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയുടെ എക്സ്ട്രാ ക്ലാസുകൾ, എൻഎസ്എസ്, എൻസിസി, സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ്, സ്റ്റുഡൻസ് പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിവയ്ക്കായി മാറ്റിവയ്ക്കുന്ന അവധി ദിനങ്ങൾ എന്നിവയെല്ലാം കണക്കാക്കിയാൽ കുറഞ്ഞത് ശരാശരി 40- 50 ദിനങ്ങൾ അധികമായി അധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് പുറമേ കലാകായിക ശാസ്ത്രമേളകളുടെ ഉപജില്ല ജില്ല സംസ്ഥാന തല നടത്തിപ്പിനായി അധ്യാപകർ രാത്രിയും പകലും ഉൾപ്പെടെ ശരാശരി 10 ദിവസം വീണ്ടും പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ വെക്കേഷൻ സമയത്തും അല്ലാതെയുമായി എസ് എസ് കെ യും വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളും മറ്റ് വിവിധ വകുപ്പുകളും സംയുക്തമായും ഒറ്റയ്ക്കും നടത്തുന്ന പരിശീലന പരിപാടികളും പ്രവർത്തനങ്ങളും വേറെയും വരുന്നുണ്ട്. അതിലും അധ്യാപകർ വേറെ പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം അവധി എന്ന് വിശേഷിക്കപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽ ആണ് നടത്തപ്പെടുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ എല്ലാം സന്തുലിതമായി നടത്താൻ ഉതകുന്ന വിധത്തിലാണ് ഒരു വർഷം 200 പ്രവർത്തി ദിനങ്ങൾ നമ്മൾ കാലങ്ങളായി നിജപ്പെടുത്തി പ്രവർത്തിച്ചു വരുന്നത്. എന്നാൽ കുറച്ച് നാളുകളായി ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ കാര്യങ്ങൾ പൂർണമായി ഗ്രഹിക്കാതെ ആരോടോ വാശി തീർക്കുന്നതുപോലെ പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിച്ച് നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ സുഗമമായി നടന്നുകൊണ്ടിരിക്കുന്ന വിവിധ കരിക്കുലർ, കോക്കരിക്കുലർ ആക്ടിവിറ്റികളുടെ സന്തുലിതാവസ്ഥ താറുമാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ അലങ്കോലപ്പെടുത്താൻ, വിദ്യാഭ്യാസമേഖലയെ ഒരു കലുഷിത മേഖലയാക്കി മാറ്റാനുമുള്ള കുൽസിത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കാലങ്ങളായി ഉപദേശകരുടെയും സഹായികളുടെയും വേഷത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നുഴഞ്ഞുകയറി അനാവശ്യ പരിഷ്കാരങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്താൻ വേണ്ടുന്ന മണ്ടൻ പരിഷ്കാരങ്ങൾ ഉപദേശിച്ച ആളുകൾ തന്നെ ആവണം വിദ്യാഭ്യാസ വകുപ്പിനെ പൂർണമായും തകർക്കാൻ മാത്രം ഉതകുന്ന ഇത്തരം പരിഷ്കാരങ്ങളുടെ പിന്നിലും പ്രവർത്തിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.

പ്രവൃത്തി ദിനങ്ങൾ വർദ്ധിപ്പിക്കുന്നത് അധ്യാപക പരിശീലനത്തിന് വേണ്ടി ദിനങ്ങൾ കണ്ടെത്താനാണ് എന്നുള്ള വ്യാഖ്യാനവും യുക്തിക്ക് നിരക്കുന്നതല്ല. വർദ്ധിപ്പിച്ച ദിനങ്ങൾ കുട്ടികൾക്ക് അവധി നൽകി പരിശീലനങ്ങൾ സംഘടിപ്പിച്ചാൽ എങ്ങനെയാണ് പ്രവൃത്തി ദിനങ്ങൾ വർദ്ധിക്കുക. മുൻകാലങ്ങളിൽ പരിശീലനങ്ങൾ നടത്തിയിരുന്നത് അവധി ദിനങ്ങളായ ശനിയാഴ്ചകളിൽ അല്ലേ? ഇത് എന്തൊരു മണ്ടൻ പരിഷ്കാരമാണ്.

കുട്ടികൾക്ക് അവധി നൽകുന്നത് അവർക്ക് ആവശ്യത്തിന് വിശ്രമസമയവും,കളിക്കാനുള്ള സമയവും ലഭിക്കാൻ വേണ്ടിയാണ്. കുട്ടികളുടെ മാനസിക ആരോഗ്യം നിലനിർത്താൻ ഇത് വളരെ അത്യാവശ്യമാണ്. ചെറിയ കുട്ടികൾ കൂടുതൽ വിശ്രമം ആവശ്യമുള്ളവരാണ്. ആഴ്ചയിൽ അഞ്ചുദിവസങ്ങൾ അവരെ പഠിക്കാൻ വിട്ട് രണ്ട് ദിവസം മാനസിക പിരിമുറുക്കത്തിൽ നിന്ന് മാറ്റി നിർത്തി കൂടുതൽ ഉല്ലാസപ്രദമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അവരുടെ സർവ്വതോന്മകമായ വളർച്ചയ്ക്ക് ഏറെ ആവശ്യമാണ്. അതിനുവേണ്ടിയാണ് കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധിയും വർഷത്തിൽ രണ്ടുമാസം വെക്കേഷനും അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് ഈ തിരിച്ചറിവില്ലാതെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

കൃത്യമായ പഠനങ്ങളില്ലാതെ, കൂടിയാലോചനകൾ ഇല്ലാതെ എടുക്കുന്ന ഇത്തരം തെറ്റായ തീരുമാനങ്ങളും പരിഷ്കാരങ്ങളും ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യും എന്നതുകൊണ്ട് ഇത് അനുവദിക്കാൻ കഴിയുകയില്ല എന്നും ഈ തീരുമാനത്തെ ശക്തമായി എതിർക്കുമെന്നും KPSTA സംസ്ഥാന സമിതി പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *