Blog

വെളിപ്പെടുത്തൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ട്വിസ്റ്റ്: ഭർത്താവിനെക്കുറിച്ച് ഉയർത്തിയ ആരോപണങ്ങൾ മുഴുവൻ കളവ് എന്ന് യുവതി; എല്ലാം ചെയ്തത് സ്വന്തം വീട്ടുകാർ നിർബന്ധിച്ചിട്ട് എന്നും തുറന്നുപറച്ചിൽ; യുവതിയുടെ വെളിപ്പെടുത്തലുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് രാഹുല്‍ തന്നെ മർദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

”ഭർത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാൻ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാർ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചത് എന്നും ബെല്‍റ്റവച്ച്‌ അടിച്ചതും ചാർജറിന്റെ കേബിള്‍ വച്ച്‌ കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്.

ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്. ഞാൻ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തർക്കം ഉണ്ടായത. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച്‌ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.രാഹുലിന്റെ വീട്ടില്‍നിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *