
പോലീസിന്റെ മാസ്റ്റർ സ്ട്രോക്ക്! പീഡോഫീലിയക്കാരനായ മദ്രസ അധ്യാപകനെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ !
കടയ്ക്കൽ (കൊല്ലം) പരാതി നൽകാൻ ആരുമില്ലാതെ മൂടിവെക്കപ്പെടുമായിരുന്ന പോക്സോ കേസിൽ, അതിബുദ്ധിപരമായ നീക്കത്തിലൂടെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ച് കേരള പോലീസ്. പീഡനവിവരം മറച്ചുവെക്കാൻ രക്ഷിതാക്കളും മദ്രസാ അധികൃതരും ശ്രമിച്ചപ്പോൾ, അതീവ രഹസ്യമായി നടത്തിയ ‘മാസ്റ്റർ പ്ലാനി’ലൂടെയാണ് കടയ്ക്കൽ ഊന്നൻകല്ല് സ്വദേശിയായ മദ്രസാ അധ്യാപകൻ ഇമ്പിച്ചിക്കോയ തങ്ങളെ (62) പോലീസ് വലയിലാക്കിയത്. റിമാൻഡിലായ ഇയാൾക്കെതിരെ ഇപ്പോൾ മൂന്നാമത്തെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് മദ്രസയിൽ പഠിക്കാനെത്തിയ എട്ടും ഒൻപതും വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായി എന്ന സൂചന പോലീസിന് ലഭിക്കുന്നത്. എന്നാൽ, സംഭവം പുറത്തറിയുന്നത് സമുദായത്തിന് അപമാനമാണെന്നുള്ള ധാരണയിൽ രക്ഷിതാക്കളോ മഹല്ല് കമ്മിറ്റിയോ പോലീസിനെ സമീപിക്കാൻ തയാറായില്ല. പ്രതി പ്രദേശത്തെ അറിയപ്പെടുന്ന ഒരു സംഘടനാ നേതാവ് കൂടിയായതിനാൽ വിഷയം ഒതുക്കിത്തീർക്കാനായിരുന്നു നീക്കം.
പരാതിക്കാരില്ലാതെ കേസ് മുന്നോട്ട് പോകില്ലെന്നിരിക്കെ, കുട്ടികൾ അനുഭവിച്ച ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ പോലീസ് തയാറായില്ല. തുടർന്ന് പോലീസ് തന്ത്രപരമായ ഒരു പദ്ധതി ആസൂത്രണം ചെയ്തു. സംശയം തോന്നാത്ത രീതിയിൽ മഹല്ല് കമ്മിറ്റിയെക്കൂടി സഹകരിപ്പിച്ച് മദ്രസയിൽ ഒരു ‘സാമൂഹ്യ ബോധവൽക്കരണ പരിപാടി’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമെന്ന നിലയിൽ ചൈൽഡ് ലൈനിന്റെ സഹായത്തോടെ കുട്ടികൾക്കായി അതീവ രഹസ്യമായി പ്രത്യേക കൗൺസിലിംഗും ഏർപ്പെടുത്തി.
ഭയരഹിതമായ അന്തരീക്ഷത്തിൽ നടന്ന കൗൺസിലിംഗിൽ, തങ്ങൾ നേരിട്ട ക്രൂരമായ ലൈംഗികാതിക്രമങ്ങൾ കുട്ടികൾ കൗൺസിലറോട് തുറന്നുപറഞ്ഞു. തുടർന്ന് ചൈൽഡ് ലൈൻ മുഖേന ലഭിച്ച ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതേ സമയം പ്രതി കുടുംബസമേതം ഉംറ നിർവഹിക്കാൻ പോയിരിക്കുകയായിരുന്നു. മടങ്ങിയെത്തിയ പ്രതിയെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി നടത്തിയ തുടർ പരിശോധനകളിലാണ് ഏഴുവയസ്സുകാരിയായ മറ്റൊരു വിദ്യാർഥിനിക്ക് ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടിത്തന്ന വിവരം വെളിപ്പെടുന്നത്. തുടർന്ന് ഇയാൾക്കെതിരെ മൂന്നാമത്തെ പോക്സോ കേസും ചുമത്തി. പ്രതിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.
കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മദ്രസയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈനിന്റെ സഹായത്തോടെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കടയ്ക്കൽ എസ്.എച്ച്.ഒ ജ്യോതിഷ് ചിറവൂർ അറിയിച്ചു.
പരാതിക്കാരില്ലാതെ മുങ്ങിപ്പോകുമായിരുന്ന ഒരു സംഭവത്തിൽ, കടയ്ക്കൽ പോലീസിന്റെ സമയോചിതവും ബുദ്ധിപരവുമായ ഈ ഇടപെടൽ കാരണമാണ് കുരുന്നുകൾ തുടർന്നും ഇയാളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് തടയാൻ കഴിഞ്ഞത്.

