Blog

ഗൗരവമായി കാണണം

ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ,,,, കേരളത്തിൽ സ്ത്രീ കുറ്റവാളികളുടെ എണ്ണവും കുറ്റകൃത്യത്തിന്റെ ഗൗരവവും ആശങ്കാജനകമാം വർദ്ധിക്കുമ്പോൾ…

കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്.

പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാൻ തഴക്കവും പഴക്കവും വന്ന കുറ്റവാളികളെ പോലെ എല്ലാ മുന്‍കരുതലും ഇവര്‍ ചെയ്തിരുന്നു. വിദ്യാസമ്ബന്നരായ മൂന്ന് സ്ത്രീകള്‍ നേരിട്ട് നടത്തിയ കുറ്റകൃത്യങ്ങള്‍ വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. ഏത് കൊടിയ കൃത്യത്തിനും കഴിയുംവിധം കയ്യറപ്പ് മാറിയ മനോനില എങ്ങനെ ഇവര്‍ക്കുണ്ടായി എന്നതാണ് ഗൗരവതരമായ ചോദ്യം.

കൊല്ലത്ത് വയോധികൻ്റെ കൊലപാതകമാണ് ഒടുവില്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ മുഴുവന്‍ ആസൂത്രണവും നടത്തിയിരിക്കുന്നത് മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജറായ സരിതയാണ്. വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച 80 ലക്ഷം രൂപ പാപ്പച്ചന്‍ എന്ന ബിഎസ്‌എൻഎല്‍ മുൻ ഉദ്യോഗസ്ഥൻ ഇവിടെ നിക്ഷേപിച്ചപ്പോള്‍ മുതല്‍ ഇയാളെ നിരീക്ഷിച്ച്‌ എല്ലാ വിവരങ്ങളും ശേഖരിച്ചാണ് പണം തട്ടാന്‍ തീരുമാനിച്ചത്.

നിക്ഷേപകനുമായി അടുപ്പം സ്ഥാപിച്ചാണ് ആസൂത്രണം തുടങ്ങിയത്. നിരന്തരം ബന്ധപ്പെട്ട് വിശ്വാസ്യത നേടി. അങ്ങനെ പാപ്പച്ചന്‍ കുടുംബവുമായി അകല്‍ച്ചയിലാണെന്ന് മനസിലായി. ഇതോടെ നിക്ഷേപത്തിന്റെ കാര്യം അവരാരെങ്കിലും അറിഞ്ഞാല്‍ അപകടമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനുശേഷമാണ് ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അനൂപിനൊപ്പം കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ എടുത്ത ക്രിമിനിലായ അനി രണ്ടു ലക്ഷം രൂപ പ്രതിഫലം വാങ്ങി പാപ്പച്ചനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തി. വാഹനാപകടം എന്ന് പറഞ്ഞ് തുടങ്ങിയ കേസില്‍ പാപ്പച്ചന്റെ മകളുടെ പരാതിയും അനിയുടെ ബാങ്ക് ഇടപാടുകളിലെ പരിശോധനയുമാണ് നിര്‍ണ്ണായകമായത്. ക്വട്ടേഷന് പറഞ്ഞ് ഉറപ്പിച്ച പണം ബാങ്ക് വഴി നല്‍കിയതാണ് സരിതക്കും സംഘത്തിനും വിനയായത്.

പ്രണയപ്പക തീര്‍ക്കാന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നല്ല നിലയില്‍ ജോലിചെയ്തിരുന്ന ലേഡി ഡോക്ടര്‍ തോക്കുമായി ഇറങ്ങിത്തിരിച്ചപ്പോഴും കേരളം ഞെട്ടി. അടുപ്പക്കാരനായ പുരുഷൻ്റെ തിരുവനന്തപുരം നഗരത്തിലെ വീട്ടില്‍ പട്ടാപകല്‍ കയറി ഭാര്യയെ വെടിവച്ചത് സമാനതയില്ലാത്ത ക്രിമിനല്‍ കേസായി. കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച്‌ എത്തിയാണ് ആക്രമണം നടത്തിയത്. അതിവേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ സഞ്ചരിച്ച കാറും വിവരങ്ങളും പരിശോധിച്ച്‌ പോലീസ് വളരെ വേഗത്തില്‍ പ്രതിയിലേക്ക് എത്തി.

അറസ്റ്റിന് ശേഷമുളള ചോദ്യം ചെയ്യലിലാണ് പോലീസിനെ പോലും ഞെട്ടിച്ച ആസൂത്രണം വ്യക്തമായത്. പ്രണയത്തില്‍ നിന്ന് അകന്നതിൻ്റെ വൈരാഗ്യത്തില്‍ പ്രതികാരത്തിനായി ഒരുവർഷം ഒരുക്കം നടത്തി. ഓണ്‍ലൈനില്‍ തോക്കു വാങ്ങി ദീർഘകാലം വെടിവച്ച്‌ പരിശീലനം നടത്തി. കാർ വില്‍പന സൈറ്റില്‍ കണ്ട വാഹനത്തിൻ്റെ നമ്ബര്‍ ശേഖരിച്ച്‌ വ്യാജ നമ്ബര്‍പ്ലേറ്റ് തയാറാക്കി. കാറില്‍ എല്‍ ബോര്‍ഡ് സ്ഥാപിച്ചും വഴിതെറ്റിക്കാന്‍ ശ്രമം നടത്തി. പിടിയിലായതിന് പിന്നാലെ താൻ പീഡനത്തിന് ഇരയായെന്ന് പറഞ്ഞ് വെടിയേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കേസില്‍ കുടുക്കാനും ശ്രമിച്ചു. പോലീസ് കേസെടുത്തതോടെ ഡോക്ടർ പദ്ധതിയിട്ടത് പോലെയല്ലെങ്കിലും മറ്റൊരു വിധത്തില്‍ ആ പ്രതികാരം നടപ്പായെന്ന് കരുതേണ്ടിവരും. പീഡനപരാതി റജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഡോക്ടറുടെ പേരും മുഖവും മാധ്യമങ്ങളില്‍ വരുന്നത് ഒഴിവാകുകയും ചെയ്തു.

മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്ന് 20 കോടി തട്ടിയ ധന്യ മോഹനും മലയാളികളെ ചെറുതായല്ല ഞെട്ടിച്ചത്. അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയും തുക ധന്യ തട്ടിച്ചത്. 18 വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ധന്യ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ധന്യയുടെയും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റി. കണക്കുകളില്‍ പതിവായി ഉണ്ടാകുന്ന പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടന്നത്.

ഈ സമയം പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച്‌ ഓഫീസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തട്ടിച്ച പണം ഉപയോഗിച്ച്‌ വീടും ആഡംബര കാറുകളും വാങ്ങി. രണ്ടുകോടിയോളം രൂപ ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ നശിപ്പിച്ചുവെന്ന വെളിപ്പെടുത്തലും ഉണ്ടായി. ഓഹരി വിപണിയിലും കോടികള്‍ നിക്ഷേപിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് കുഴല്‍പ്പണസംഘം വഴി പണം കടത്തിയെന്നും വിവരങ്ങളുണ്ട്. പോലീസിന് മുന്നില്‍ കീഴടങ്ങിയ പ്രതി നിലവില്‍ റിമാന്‍ഡിലാണ്.

ഈ മൂന്ന് പേരും പിടിക്കപ്പെട്ട ശേഷം പ്രകടിപ്പിച്ച ശരീരഭാഷ തന്നെ ശ്രദ്ധേയമായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പോലീസിനോട് പെരുമാറി. ഇത്ര വലിയ കേസുകളില്‍ പെട്ടതിൻ്റെ അങ്കലാപ്പോ പരിഭ്രമമോ ഒന്നും ഉണ്ടായതുമില്ല. 20 കോടിയുടെ കേസില്‍ പ്രതിയായ ധന്യാമോഹനാകട്ടെ, പണം എന്ത് ചെയ്തുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ചന്ദ്രനില്‍ സ്ഥലം വാങ്ങിയെന്ന മികച്ച മറുപടി നല്‍കിയാണ് പോലീസുകാരുടെ അകമ്ബടിയില്‍ കോടതിയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *