Blog

ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *