തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ശതാബ്ദിയോട് അടുത്ത മലയാളസിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും ഉദഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
“ശതാബ്ദിയോട് അടുത്ത മലയാളസിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നു. നിത്യജീവിതത്തിൽ മോഹൻലാലായി പോവുക മലയാളിക്ക് ശീലം. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വം. ഇന്നത്തെ യുവനടന്മാർ ഒരു വർഷത്തിൽ ചെയ്യുന്നത് മൂന്നോ നാലോ സിനിമകളിൽ മാത്രം അഭിനയിക്കുന്നു, മോഹൻലാൽ 34 സിനിമയിൽ വരെ ഒരു വർഷം അഭിനയിച്ചിട്ടുണ്ട്” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.
മലയാളികളുടെ ആത്മസ്പന്ദനമാണ് നടൻ മോഹന്‍ലാല്‍ എന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ആദരിക്കുന്ന ചടങ്ങില്‍ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭരത് മോഹന്‍ലാലിലൂടെ വാനോളമാണ് മലയാളം ഉയര്‍ന്നത്. അതുകൊണ്ടാണ് സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനോട് കേരളം ഒന്നടങ്കം ലാല്‍സലാം എന്ന് പറയുന്നത്.’
ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ട എല്ലാവരേയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും എന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പുരസ്‌കാര ദാന ചടങ്ങില്‍ സംസാരിച്ച മോഹന്‍ലാല്‍ പറഞ്ഞത് സിനിമ തന്റെ ആത്മ സ്പന്ദനമാണെന്നാണ്. അത് തന്നെയാണ് സര്‍ക്കാരും മലയാളികളും ഒരുപോലെ ആവര്‍ത്തിക്കുന്നത്. മലയാളികളുടെ ആത്മസ്പന്ദനമാണ് മോഹന്‍ലാല്‍.- മന്ത്രി പറഞ്ഞു.
ഈ അഭിനയ മാതൃക വരും തലമുറകള്‍ക്ക് പ്രചോദനമാണെന്നും ഈ ശൈലി തലമുറകള്‍ പഠനവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരങ്ങള്‍ക്കൊപ്പം ജനഹൃദയങ്ങളിലൊരാള്‍ നേടുന്ന സ്ഥാനമാണ് ചരിത്രത്തില്‍ അവശേഷിക്കുക. കലാകാരന്മാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെവല്ലാം ജനഹൃദയങ്ങളിലെ സ്ഥാനമാണ് പ്രധാനം. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇവിടെ ഇരമ്പുന്ന ജനസാഗരമാണ് സാക്ഷിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരും സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.


