Blog

ലൈംഗികാരോപണ കേസില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പാലക്കാട്. ലൈംഗികാരോപണ കേസില്‍ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തില്‍ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു.

‘ഇതേ വിഷയം തന്നെയാണ് മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്ന് മാസമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ മൂന്നു മാസമായിട്ട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് എനിക്ക് ഇന്നും പറയാനുള്ളൂ, ഒരു അന്വേഷണം നടക്കുന്നുണ്ട്, ആ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ആ അന്വേഷണം മുന്നോട്ടു പോകട്ടെ, ആ അന്വേഷണം മുന്നോട്ട് പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങാം’, രാഹുല്‍ പറഞ്ഞു.

ഓഡിയോയും ചാറ്റും രാഹുലിന്റേത് തന്നെയാണോയെന്ന ചോദ്യത്തോട് മറുപടി ഇങ്ങനെ-‘ എന്റേതാണെന്നും പറഞ്ഞ് മാധ്യമങ്ങള്‍ എന്റെയൊരു വോയ്‌സ് കൊടുക്കുന്നു, ആ കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നോട് വിളിച്ചിട്ട് ഇങ്ങനെ ഒരു വോയ്‌സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട് ഈ വോയ്‌സ് നിങ്ങളുടേതാണ് ആണോ എന്ന് ചോദിച്ചോ? അതിനുശേഷം ആണ് ആ ഓഡിയോ കൊടുക്കുന്നതെങ്കില്‍ എനിക്ക് മനസിലാക്കാം. ഒരു വോയ്‌സ് എന്റേതാണെന്നും പറഞ്ഞ് ,എന്റെ ചിത്രം ഉള്‍പ്പെടെ വെച്ചു കൊടുത്തതിനുശേഷം പിന്നെ അത് എന്നോട് എന്റെതാണോ എന്ന് ചോദിക്കുന്ന ആധികാരികത എന്താണ്.

ഈ അന്വേഷണം മുന്നോട്ടു പോയതിനു ശേഷം ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് എപ്പോഴാണോ അതിന്റെ ബാക്കി കാര്യങ്ങള്‍ ആഡ് ചെയ്യാനുള്ളത് ആ സമയത്ത് ഞാന്‍ ആഡ് ചെയ്യുകയും എനിക്ക് നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം രാജ്യത്ത് ഉണ്ടല്ലോ, ആ അവകാശം ഉള്ളിടത്തോളം കാലം ഞാന്‍ ആ അവകാശമായിട്ട് മുന്നോട്ടു പോവുകയും ചെയ്യും. ഞാന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നതിന്റെ ഏറ്റവും ഉത്തമമായ ബോധ്യം ഞാന്‍ ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായിട്ട്, ഇന്നത്തെ ദിവസം വരെ ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്ന് ഉത്തമമായ ബോധ്യമുള്ളതിനാലാണ്. പോലീസ് ആ വോയിസില്‍ സ്വമേധയാ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ’, രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ശബ്ദമല്ലെങ്കില്‍ എന്തുകൊണ്ട് ഡിഫമേഷന്‍ കൊടുക്കുന്നില്ലെന്ന ചോദ്യത്തിന് ഈ സംഭവം കഴിഞ്ഞുപോയിട്ടില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ഞാന്‍ എന്താണ് റിയാക്ട് ചെയ്യേണ്ടത് എപ്പോ റിയാക്ട് ചെയ്യണം എങ്ങനെയൊക്കെ നിയമപരമായി മുന്നോട്ടു പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. മാധ്യമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ വിശദീകരണം തരേണ്ട കാര്യമില്ലല്ലോ. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിച്ചൊരു ഘട്ടമുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങും. നിയമപരമായി എന്തെല്ലാം പോരാട്ടം എന്റെ ഭാഗത്ത് നിന്ന് വരാനിരിക്കുന്നു.

ഇപ്പോള്‍ ഈ ഓഡിയോ വന്നതിന്റെ ഉദ്ദേശലക്ഷ്യം എന്താണ് എന്റെ നിരപരാധിത്വം, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് ബഹുമാനപ്പെട്ട നീതിനായ കോടതിയിലാണ്. മാധ്യമ കോടതിയില്‍ അല്ല, നീതിനായ കോടതിയില്‍ എന്റെ നിരപരാധിത്വം വളരെ കൃത്യമായി ഞാന്‍ ബോധ്യപ്പെടുത്തും. അതിനുശേഷം ഞാന്‍ ജനങ്ങളോട് പ്രതികരിച്ചോളാം’, രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *