Blog

സംസ്ഥാനത്ത് വിവിധ ജില്ലാകോടതികൾക്ക് നേരെ ബോംബ് ഭീഷണി. കാസർകോട്, മഞ്ചേരി ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് കോടതി സമുച്ചയം ഒഴിപ്പിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിൽ ഐഡിയിൽ രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഉടൻ തന്നെ പരിശോധന നടത്താൻ ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. കോടതി സമുച്ചയം ഒഴിപ്പിച്ച് പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിൽ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. രാവിലെ 10.30ഓടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ജീവനക്കാർ എസ്പിയെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പ‌ദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ ഐഡിയിൽ നിന്നാണ് മെയിൽ വന്നത്. പകൽ ഒന്നിനും 2നും ഇടയിൽ രണ്ട് മനുഷ്യ ബോംബുകൾ കോടതിയിൽ പൊട്ടിത്തെറിക്കുമെന്നും കോടതിയുടെ വിവിധ ഇടങ്ങളിൽ ആർഡി എക്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഴുവൻ ജീവനക്കാരേയും അതിനു മുമ്പായി ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. മെയിലിന്റെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം, സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *