Blog

കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്‌സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുള്‍ കലാം(57), മൈ മൂന(51) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പിടിയിലായവര്‍ ബന്ധുക്കളാണ്.
പ്രതി മൈമുനയുമായി സോഷ്യല്‍ മീഡിയചാറ്റിങ് വഴി പരിചയപ്പെട്ട പരാതിക്കാരനായ മധ്യവയസ്‌കനെ കാഞ്ഞങ്ങാടുള്ള വീട്ടില്‍ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്‌നനാക്കി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. തന്റെയടുക്കല്‍ പത്തുലക്ഷം നല്‍കാനില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.
പണം ഇല്ലെങ്കില്‍ സ്വര്‍ണം ആവശ്യപ്പെട്ട പ്രതികള്‍ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ പറഞ്ഞ തീയ്യതിക്ക് പണം നല്‍കിയില്ലെങ്കില്‍ മധ്യവയസ്‌കന്റെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ചെമ്പിലോടുള്ള പരാതിക്കാരന്റെ ബന്ധുവീട്ടിലെത്തി ഈ കാര്യം പറഞ്ഞ് പണം കൈവശപ്പെടുത്താനും ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഇവര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. 17 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ കേസില്‍ കുടുക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലിസ് തന്ത്രപരമായി ഇടപ്പെട്ട് പ്രതികളെ പണം നല്‍കാമെന്ന് പരാതിക്കാരനെ കൊണ്ടു ഫോണ്‍ ചെയ്തു വിളിച്ചു ചക്കരക്കല്ലില്‍ വരുത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
ചക്കരക്കല്‍ സ്റ്റേഷനിലെ എസ്‌ഐ മാരായ അംബുജാക്ഷന്‍, രഞ്ജിത്ത്, പ്രേമരാജന്‍ എഎസ്ഐ സ്നേഹേഷ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ ഷിജിന്‍, നിസാര്‍ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ നേരത്തെയും സമാനമായ കേസുകളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ചക്കരക്കല്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *