കിളിമാനൂരിൽ മദ്യ ലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ
വാഹന ഉടമ അറസ്റ്റിൽ
കിളിമാനൂർ : മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഇടിച്ച വാഹനത്തിന്റെ ഉടമയായ വിഷ്ണുവാണ് പിടിയിലായത്. കേരളാ-തമിഴ്‌നാട് അതിർത്തിയിൽനിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഡി.വൈ.എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തുവരികയാണ്.
വാഹനം ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ അതിർത്തിയിൽ എത്തി പിടികൂടാൻ സഹായിച്ചത്. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. കിളിമാനൂർ എസ്.എച്ച്.ഒ. ബി. ജയൻ, എസ്.ഐ. അരുൺ, ജി.എസ്.ഐ. ഷജിം എന്നിവർക്കെതിരെയാണ് നടപടി.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതായും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. ദക്ഷിണ മേഖലാ ഐ.ജി.യാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.


