കൊച്ചി.സംസ്ഥാനത്ത് ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ പേരില്‍ വ്യാപക സൈബര്‍ തട്ടിപ്പ്.

ബിൽ അടച്ചില്ലെന്ന സന്ദേശത്തോടൊപ്പം വ്യാജ ആപ്പിന്റെ ലിങ്ക് കൂടി അയച്ചാണ് തട്ടിപ്പ്. ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണമടക്കം തട്ടുന്നതാണ് രീതി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. സൈബർ തട്ടിപ്പ് സംഘങ്ങൾ പണം തട്ടാൻ കണ്ടെത്തിയ പുതിയ വഴിയാണ് ബിൽ തട്ടിപ്പ്. പരിവഹാന്റെ വ്യാജ ആപ്പുണ്ടാക്കി വ്യാജ ചലാനുകൾ അയച്ച് പണം തട്ടിയതിന് സമാനമാണ് ബിൽ തട്ടിപ്പും. വൈദ്യുതി ബിൽ ഗ്യാസ് ബിൽ എന്നിവയ്ക്ക് പുറമേ സ്കൂൾ ഫീസ് എന്ന പേരിലാണ് തട്ടിപ്പ്. ബില്ലെല്ലാം കൃത്യമായി അടച്ചാലും നിങ്ങളുടെ ഫോണിലും അടുത്ത ദിവസം തട്ടിപ്പുകാരുടെ സന്ദേശമെത്താം.
അജ്ഞത നമ്പറിൽ നിന്ന് ഇംഗ്ലീഷിലാണ് തട്ടിപ്പുകാരുടെ സന്ദേശം. മുൻപത്തെ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്ന് പറഞ്ഞായിരിക്കും സന്ദേശം. ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും അടിയന്തരമായി ഓഫീസറെ ബന്ധപ്പെടാൻ അവശ്യപ്പെട്ട് നമ്പറും സന്ദേശത്തോടൊപ്പമുണ്ടാകും. ഇതിൽ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന്റെ രണ്ടാംഘട്ടം. ഉദ്യോഗസ്ഥനെ ബന്ധപ്പെടുന്നതിന് പിന്നാലെ പണം അടക്കാനുള്ള ലിങ്ക് വാട്ട്സാപ്പിലെത്തും. .apk ഫോർമാറ്റിലുള്ള ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതോടെ തീർന്നു. നമ്മുടെ ഫോണിന്റെ നിയന്ത്രണം പിന്നീട് തട്ടിപ്പ് സംഘത്തിന്. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം തട്ടിയെടുത്ത് നിമിഷം നേരംകൊണ്ട് അക്കൗണ്ട് കാലിയാക്കും. പലർക്കും സമാനമായ സന്ദേശങ്ങൾ എത്തിയതോടെ സൈബർ പൊലീസ് ജാഗ്രത നിർദേശം നൽകി. ബില്ലടക്കാനുകൾ സന്ദേശവും അതിനൊപ്പം എത്തുന് വ്യാജ ആപ്പിന്റെ ലിങ്കും ഉപയോഗിക്കരുതെന്നാണ് നിർദേശം.

