
കൊല്ലത്ത് സ്ത്രീധനം കുറഞ്ഞെന്നാരോപിച്ച് നവവധുവിന് ക്രൂരമർദനം
കൊല്ലം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നവവധുവിന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമർദനം. കൊല്ലം പുത്തൻപുര സ്വദേശിനി അഞ്ജുവാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ചവറ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നീണ്ടകര സ്വദേശി ഭർത്താവ് നന്ദുവിനും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിന് ചവറ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. അറേഞ്ച്ഡ് മാര്യേജായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതിയിലുള്ളത്.
തുടർന്ന് ഭർത്താവ് അഞ്ജുവിനെ മർദിച്ചതായും പരാതിയിൽ പറയുന്നു. സൗദി അറേബ്യയിലേക്ക് കൊണ്ടുപോയ ശേഷവും പീഡനം തുടർന്നെന്നാണ് ആരോപണം. കുക്കറും ബെൽറ്റും ഉൾപ്പെടെ കൈയിൽ കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് മർദിച്ചെന്നും അഞ്ജു പരാതിയിൽ പറയുന്നു.
സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ പറയുന്ന മർദനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

