തിരു.: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് സിബിഐ സംഘം ആദ്യം ചെയ്യുക.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ ബന്ധുക്കളിൽ നിന്നും മുൻഅന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അന്വേഷണസംഘം കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകൾ പരിശോധിക്കും.
കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈഎസ്പി ടി.പി. സജീവനെതിരെ സിദ്ധാർത്ഥൻ്റെ കുടുംബം നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നേരത്തേ നടപടി ക്രമങ്ങൾ വൈകിയതിൽ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാനും നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. അതിന്റെ ബാക്കിയുള്ള കാര്യങ്ങളിൽക്കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി, രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസമെന്നും കോടതി ചോദിച്ചു.