Blog

കൊല്ലം: കൊല്ലം കോളേജ് ജംഗ്ഷനിലുള്ള സ്വകാര്യ കെട്ടിടത്തില്‍ ‘രാജരാജേശ്വരി അധോലോകം’ എന്ന പേരില്‍ ഗുണ്ടാസംഘത്തിന്റെ ഓഫീസ് തുറന്നെന്ന വീഡിയോ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഘത്തിനെതിരെ കേസ്. ജോനകപ്പുറം നൗഫല്‍ മന്‍സലില്‍ നൗഫല്‍ (40), കിളികൊല്ലൂര്‍ നക്ഷത്ര നഗര്‍ തൊടിയില്‍ വീട്ടില്‍ മണികണ്ഠന്‍ (50), ശക്തികുളങ്ങര സഖറിയ വില്ലയില്‍ സഖറിയ (37), മുണ്ടയ്ക്കല്‍ കോളേജ് നഗര്‍ ജെയിംസ് വില്ലയില്‍ ഷെറിന്‍ (39), കടപ്പാക്കട പീപ്പിള്‍സ് നഗറില്‍ നിസാമുദ്ദീന്‍ (53), പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കൊമ്പൗണ്ടിലെ ഷാനു (28) എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ആറുപേര്‍ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതിന്റെയും സംഘത്തിലെ രണ്ടുപേര്‍ ഒരു വീട്ടില്‍ തോക്കും പിടിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഒപ്പം പ്രചരിക്കുന്നുണ്ട്. സംഘാംഗങ്ങള്‍ തന്നെ ജനുവരിയില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിന് ശേഷം ഗ്രൂപ്പില്‍ ചില തര്‍ക്കങ്ങള്‍ നടന്നു. പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. ആറ് പ്രതികളുടെയും വീടുകളില്‍ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് പരിശോധന നടത്തി.

ദൃശ്യത്തില്‍ കാണുന്ന തോക്കും പിടിച്ചെടുത്തു. തങ്ങള്‍ പിടിച്ചിരുന്നത് കളിത്തോക്കാണെന്നാണ് പ്രതികളുടെ അവകാശവാദം. തോക്കിന്റെ ശാസ്ത്രീയ പരിശോധന നടന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. തമാശരൂപേണ ചിത്രീകരിച്ച വീഡിയോ ഗൂഢാലോചന നടത്തി ഭീതി ജനിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രതികളുടെ വാദം.

മകന്റെ കളിത്തോക്ക്

ഗുണ്ടാ സംഘാംഗങ്ങള്‍ യോഗം ചേര്‍ന്നുവെന്ന ആരോപണം ദൃശ്യങ്ങളിലുള്ള ആരോമല്‍ നിഷേധിച്ചു.

പിതാവിന്റെ ചരമവാര്‍ഷിക ചടങ്ങുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കള്‍ വീട്ടില്‍ ഒത്തുകൂടിയതെന്ന് ഇയാള്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ കാണുന്ന തോക്ക് മകന്റെ കളിപ്പാട്ടമാണെന്നും പൊലീസ് എത്തിയപ്പോള്‍ കുട്ടി തന്നെ ഇത് എടുത്തുനല്‍കിയെന്നും ആരോമല്‍ വിശദീകരിച്ചു. എന്നാല്‍ പൊലീസ് ഈ വാദം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *