ഗുജറാത്തിൽ വാഹനാപകടം…മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു.

വാപ്പി: ഗുജറാത്തിലെ നവ്‌സാരി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു. തൃശ്ശൂർ നാലുകെട്ട് കിഴക്കുമ്മേൻ വലുങ്ങാമുറി പടയാട്ടിൽ ജോണിയുടെ മകൻ വിൽസൺ (49) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായി മുകുന്ദപുരം കൂവക്കാട്ടുക്കുന്ന് മേലൂർ കയമ്പത് സ്വദേശി ഹർഷ് കുമാറിന് (40) ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കേരളത്തിൽ നിന്നും ചരക്കുമായി വഡോദരയിലേക്ക് പോവുകയായിരുന്നു ഇവർ സഞ്ചരിച്ച ട്രക്ക്. നവ്‌സാരിക്ക് സമീപം വെച്ച് ട്രക്കിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ഹൈവേയിൽ നിർത്തി ടയർ മാറ്റുന്നതിനിടയിൽ, പിന്നിൽ we വന്ന മറ്റൊരു ട്രക്ക് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് കുമാറിനെ സൂററ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഹർഷ് കുമാറിന്റെ ഒരു കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ അദ്ദേഹം അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
വിൽസന്റെ മൃതദേഹം നവ്‌സാരി സിവിൽ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് നാട്ടിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ഗുജറാത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തുടർനടപടികൾക്കായി ഫെഗ്മ നാവ്സരി സമാജം ഭാരവാഹികളും രംഗത്തുണ്ട്.

